15 ആമത് ദേശിയ സെന്‍സസ് 2010 ഏപ്രില്‍ ഒന്ന് മുതല്‍
ആരംഭിച്ചിരിക്കുകയാണ്.രാജ്യത്തെ എല്ലാ പൌരന്മാര്‍ക്കും 16 അക്ക
തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിനായി ഫോട്ടോ,വിരലടയാളം തുടങ്ങി
എല്ലാ വിവരങ്ങളും ശേഖരിക്കുന്നു എന്നുള്ളതാണ് ഇപ്രവശ്യ്ത്തെ
കണക്കെടുപ്പിനുള്ള സവിശേഷത.
ഇത് സെന്‍സസോ അതോ രഹസ്യ വിവര ശേഖരണമോ?
യുനീക്ക് ഐഡന്റിറ്റി (യു.ഐ.ഡി) പദ്ധതി എന്ന പേരില്‍ കേന്ദ്രം തുടങ്ങിവെച്ചിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് പരിപാടി ഭരണകൂടത്തിന് നല്‍കാന്‍ പോകുന്ന അമിതാധികാരത്തെപ്പറ്റി തുറന്ന ചര്‍ച്ച ആവശ്യമായിരിക്കുന്നു. ഇതുയര്‍ത്തുന്ന സ്വകാര്യതാ ലംഘനത്തെപ്പറ്റിയും മറ്റും ചര്‍ച്ചകള്‍ നടത്താമെന്ന് കേന്ദ്രം ഏറ്റിരുന്നതാണ്. എന്നാല്‍, ആ വാക്ക് തെറ്റിച്ച്, കാനേഷുമാരി കണക്കെടുപ്പ് അതിനുവേണ്ടിയുള്ളതാക്കുകയാണിപ്പോള്‍. സാമൂഹികക്ഷേമ പദ്ധതികള്‍ ഗുണഭോക്താക്കള്‍ക്ക് കിട്ടുന്നതിന് കാനേഷുമാരി ഉപകരിക്കുമെന്ന് പറയുമ്പോഴും സംവരണ വിഭാഗങ്ങളെ കണ്ടെത്താന്‍ സഹായിക്കേണ്ട ജാതി വിവരങ്ങള്‍ ഇക്കുറി ഒഴിവാക്കിയിരിക്കുന്നു. അതേസമയം, യു.ഐ.ഡിക്കാവശ്യമായ വിവരങ്ങള്‍ കൃത്യമായി ശേഖരിക്കുന്നു. സാമൂഹിക ക്ഷേമത്തേക്കാള്‍ മറ്റു ചിലതിനാണ് മുന്‍ഗണന എന്നാണിത് കാണിക്കുന്നത്. പൌരന്മാരെ മുഴുസമയവും നിരീക്ഷിക്കുന്ന സമഗ്രാധിപത്യത്തിന്റെ അടയാളങ്ങള്‍ ഇതില്‍ പലരും കാണുന്നു; അവരെ കുറ്റപ്പെടുത്താനാവില്ല താനും.
16 അക്കങ്ങളുള്ള വിവിധോദ്ദേശ്യ തിരിച്ചറിയല്‍ സംഖ്യ പലതരം ആവശ്യങ്ങള്‍ക്ക് സൌകര്യപ്രദമാകുമെന്നാണ് കേന്ദ്രം വിശദീകരിച്ചതെങ്കിലും ഇതിന്റെ പ്രഥമലക്ഷ്യം സുരക്ഷയാണെന്ന ആഭ്യന്തര മന്ത്രി ചിദംബരത്തിന്റെ പ്രസ്താവന നേരത്തേ ശ്രദ്ധിക്കപ്പെട്ടതാണ്. പൌരന്മാരുടെ സ്വകാര്യതക്കുനേരെയുള്ള കൈയേറ്റത്തിന് ഭരണകൂടത്തിനും ഉദ്യോഗസ്ഥര്‍ക്കും വ്യാപകമായ പഴുതുകളാണ് ഇത് നല്‍കുക. 15 തരം വ്യക്തിഗത വിവരങ്ങള്‍ ഇതിനുവേണ്ടി ശേഖരിക്കുന്നുണ്ട്. ജനസംഖ്യാ കണക്കിനെന്ന് പറഞ്ഞാണ് ഇതെടുക്കുന്നതെങ്കിലും മുന്‍ പതിവില്‍നിന്ന് വ്യത്യസ്തമായി ഈ കാനേഷുമാരി വിവരങ്ങള്‍ യു.ഐ.ഡിക്കും ദേശീയ ഇന്റലിജന്‍സ് ഗ്രിഡിനും കൈമാറുന്നുണ്ട്. ദേശീയ ജനസംഖ്യാ രജിസ്റ്ററില്‍ ചേര്‍ത്ത ശേഷമാണ് ഇങ്ങനെ ചെയ്യുക. ഈ രജിസ്റ്ററാകട്ടെ സുരക്ഷാ 'പണ്ഡിത'നായിരുന്ന കെ. സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന കാര്‍ഗില്‍ റിവ്യൂ കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരം തയാറാക്കുന്നതാണ്. ഇന്റലിജന്‍സ് ശൃംഖലക്ക് പൌരന്മാരുടെ വ്യക്തിഗത വിവരങ്ങള്‍ കൈമാറുകയെന്നാല്‍ അതിനര്‍ഥം ഐ.ബി, റോ, സി.ബി.ഐ, റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ്, എക്സൈസ്^കസ്റ്റംസ് ബോര്‍ഡുകള്‍, നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ തുടങ്ങിയ വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്കും നൂറുകണക്കിന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും അതെല്ലാം ലഭ്യമാക്കുക എന്നാണ്. ഇത് വ്യക്തികളുടെ സ്വകാര്യതയെ മാത്രമല്ല, പൌരസ്വാതന്ത്യ്രത്തെയും മനുഷ്യാവകാശങ്ങളെയും വരെ എങ്ങനെയൊക്കെ ബാധിക്കാമെന്ന് കാണാന്‍ നമ്മുടെ ഇന്റലിജന്‍സ് വിഭാഗങ്ങളുടെ രീതികള്‍ പരിശോധിച്ചാല്‍ മതി. രഹസ്യാന്വേഷകരുടെ വീഴ്ചകള്‍ മറച്ചുവെക്കാന്‍ വ്യക്തികളെ വേട്ടയാടുന്ന സമ്പ്രദായം ഇപ്പോള്‍ തന്നെ ഉണ്ട്. ഇതിനു പുറമെ വ്യക്തിപരവും രാഷ്ട്രീയവുമായ വ്യക്തിവൈരാഗ്യം തീര്‍ക്കാനും ഭരണകൂട ഭീകരതക്ക് സഹായമായും ഇത്തരം വിവരങ്ങള്‍ ഉപയോഗിക്കപ്പെടാം. ദേശീയ ഗ്രിഡില്‍ പെടുന്നതോടെ ഓരോ വ്യക്തിയുടെയും പേരിനോടൊപ്പം അയാളുടെ വാഹനങ്ങളുടെ രൂപവും നിറവുമടക്കം ലഭ്യമാകും. സാധാരണയായി ഒരു കുറ്റവാളിയുടെ കാര്യത്തില്‍ ശേഖരിക്കാറുള്ള വിവരങ്ങളിലും കൂടുതലാകും ഇന്റലിജന്‍സുകാരുടെ പക്കലുണ്ടാവുക. എല്ലാ പൌരന്മാരെയും കുറ്റവാളികളായി കാണുന്ന മനസ്സില്‍നിന്നാണ് ഈ ആശയം ഉരുത്തിരിഞ്ഞിട്ടുള്ളത്.
നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കുവേണ്ടി സ്വകാര്യ വിവരങ്ങള്‍ കൈമാറ്റം ചെയ്യപ്പെടാനും സാധ്യതയുണ്ട്. തങ്ങള്‍ ശേഖരിക്കുന്ന വിവരങ്ങള്‍ എന്തിനൊക്കെ ഉപയോഗിക്കും, എന്തിനൊക്കെ ഉപയോഗിക്കില്ല തുടങ്ങിയ കാര്യങ്ങളില്‍ യു.ഐ.ഡി അതോറിറ്റി ഒരു ഉത്തരവാദിത്തവും ഏല്‍ക്കുന്നില്ല. യു.ഐ.ഡി നമ്പര്‍ വഴി തിരിച്ചറിയല്‍ മാത്രമേ ഉറപ്പാക്കാനാവൂ; 'ഒരു തരത്തിലുള്ള അവകാശങ്ങളും പ്രയോജനങ്ങളും അത് ഉറപ്പുനല്‍കുന്നില്ല' എന്നാണ് അതോറിറ്റി പ്രഖ്യാപിച്ചിട്ടുള്ളത്. അവര്‍ ഇതിനായി ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയുടെ ഭദ്രതയും സംശയാസ്പദമാണ്. ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായാല്‍ പോലും സി.ഐ.എയും മൊസാദുമടക്കമുള്ള അന്തര്‍ദേശീയ ഭീകര^ചാരശൃംഖലകള്‍ക്ക് സൌകര്യപ്രദമായ വിവരഖനിയാകും നമ്മുടെ ഏറ്റവും ചെലവേറിയ യു.ഐ.ഡി ഏര്‍പ്പാട്. പുറമെ, അതോറിറ്റിക്ക് കീഴിലെ 'രജിസ്ട്രാര്‍'മാരില്‍ സ്വകാര്യ കമ്പനികളുമുണ്ടാകാം. പൌരന്മാരെക്കുറിച്ച വിവരങ്ങള്‍ ചോര്‍ത്തി കമ്പോള താല്‍പര്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്താനും സാധ്യതയുണ്ട്. ഇത്തരം ചോര്‍ച്ചകള്‍ കാനേഷുമാരി കണക്കുകളില്‍നിന്ന് ഉണ്ടാകാറില്ല. കാരണം, സെന്‍സസ് നിയമം പറയുന്നത് അതിന്റെ വിവരങ്ങള്‍ പുറംപരിശോധനക്ക് നല്‍കില്ലെന്നും തെളിവായി അംഗീകരിക്കില്ലെന്നുമാണ്. എന്നാല്‍, ഇത്തവണ വിവരങ്ങള്‍ ശേഖരിക്കുന്നത് സെന്‍സസ് നിയമ പ്രകാരമല്ല, മറിച്ച് പൌരത്വ നിയമവും (1955) പൌരത്വ ചട്ടങ്ങളും (2003) അനുസരിച്ചാണ്. രജിസ്ട്രേഷന്‍ നിര്‍ബന്ധമാണെന്ന് എടുത്തുപറയുന്ന ഈ നിയമങ്ങള്‍ സ്വകാര്യത ഉറപ്പുനല്‍കുന്നില്ലെന്ന് മാത്രമല്ല ജനസംഖ്യാ രജിസ്റ്ററിനും ഇന്റലിജന്‍സ് ഗ്രിഡിനും വിവരങ്ങള്‍ കൈമാറുകയും ചെയ്യും.
വ്യക്തിസ്വാതന്ത്യ്രത്തെയും വ്യക്തി സ്വകാര്യതയെയും പരിരക്ഷിക്കാന്‍ ബാധ്യസ്ഥരായ ഭരണകൂടം ഇങ്ങനെയൊരു അത്യാചാരം നടത്തുന്നതെന്തിനാണ്? ഭീകരതയെയും സംഘടിത കുറ്റകൃത്യങ്ങളെയും നേരിടാന്‍ സംവിധാനങ്ങളില്ലാത്തതല്ല പ്രശ്നം എന്നതാണനുഭവം. മറിച്ച്, കുറ്റവാളികളെ കണ്ടെത്തുന്നതിന് പകരം കുറ്റകൃത്യങ്ങളുടെ മറവില്‍ അധികൃതരുടെ അഴിഞ്ഞാട്ടമാണ് നടക്കുന്നത്. പ്രതിവര്‍ഷം ശരാശരി 200 'ഏറ്റുമുട്ടല്‍' നടക്കുന്നതില്‍ പകുതിയും വ്യാജമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കള്ളക്കേസില്‍ കുടുക്കി തടങ്കലിലാക്കപ്പെട്ടവരുടെ എണ്ണം ചെറുതല്ല. 1,70,000 വിചാരണത്തടവുകാരുള്ളതില്‍ ഏറെയും നിരപരാധികളോ ചെറുകുറ്റങ്ങള്‍ ചെയ്തവരോ ആണ്. ഇത്രയും അലസവും അശ്രദ്ധവും ദയാരഹിതവുമായ വ്യവസ്ഥിതിയില്‍ ഭരണകൂടത്തിന്റെ സമഗ്രാധിപത്യം കൂടിയായാല്‍ അത് ഭീകരമാകാം. സാമൂഹികമായി യു.ഐ.ഡി സംവിധാനം കൊണ്ട് എന്ത് ഗുണമെന്ന ചോദ്യം ബാക്കിയാണ്. സര്‍ക്കാര്‍ സേവനങ്ങള്‍ യഥാര്‍ഥ ഗുണഭോക്താക്കള്‍ക്ക് എത്തിക്കാന്‍ ഉപകരിക്കുമെന്നാണ് പ്രചാരണം. പക്ഷേ, അഞ്ചുവര്‍ഷം കൊണ്ട് ജനസംഖ്യയില്‍ പകുതി മാത്രമേ അതിനു കീഴില്‍ വരൂ; പൂര്‍ണമായ കൃത്യത അതിനുണ്ടായിരിക്കില്ല താനും. യു.ഐ.ഡി മാതൃകയാക്കുന്നത് അമേരിക്കന്‍ എഫ്.ബി.ഐയുടെ സംവിധാനത്തെയാണ്. രാഷ്ട്രീയ എതിരാളികളെയും പൌരാവകാശ പ്രവര്‍ത്തകരെയും പീഡിപ്പിക്കാനാണ് അവരത് കൂടുതലും ഉപയോഗപ്പെടുത്തുന്നത്. സാമൂഹിക ക്ഷേമത്തിനാണെങ്കില്‍ സമൂഹത്തെക്കുറിച്ച സമഗ്ര വിവരങ്ങളാണ് ശേഖരിക്കേണ്ടത്. ഇവിടെ അത് ഭാഗികം മാത്രം; പകരം വ്യക്തികളെക്കുറിച്ച സമ്പൂര്‍ണ വിവരങ്ങള്‍ എടുക്കുകയും ചെയ്യുന്നു. സംവരണത്തിനാവശ്യമായ ജാതി വിവരം ചോദിക്കുന്നില്ല^അതേസമയം, വ്യക്തിയുടെ സകല ഇടപാടുകളും പരിശോധിക്കുന്നു. ഇത് സെന്‍സസോ അതോ സമഗ്രാധിപത്യപരമായ വ്യക്തിവിവര ശേഖരണമോ എന്ന് ചോദിക്കേണ്ടിവരുന്നത് അതുകൊണ്ടാണ്. പാര്‍ലമെന്റിലോ മന്ത്രിസഭയിലോ പൊതുസമൂഹത്തിലോ ഒന്നും ചര്‍ച്ചക്കുവെക്കാതെയാണിത് എന്നതിനാല്‍ വിശേഷിച്ചും.
ഇത് സെന്‍സസോ അതോ രഹസ്യ വിവര ശേഖരണമോ? മാധ്യമം
2010 ഏപ്രിൽ 13, ചൊവ്വാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ