അറിവും സമ്പത്തും

അബൂത്വാലിബിന്റെ മകന്‍ അലിയാണ് നാലാം ഖലീഫ. അദ്ദേഹം കേവലം ഒരു ഭരണാധികാരി മാത്രമായിരുന്നില്ല. മഹാപണ്ഡിതനും പ്രതിഭാധനനുമായിരുന്നു. ഒപ്പം പ്രത്യുല്‍പന്നമതിയും. ഒരിക്കല്‍ പത്താളുകള്‍ അദ്ദേഹത്തെ സമീപിച്ചു. അവര്‍ പറഞ്ഞു: ഞങ്ങള്‍ താങ്കളോട് ഒരു ചോദ്യം ചോദിക്കട്ടെ.

എത്ര ചോദ്യം വേണമെങ്കിലും ചോദിച്ചോളൂ^ അലി അറിയിച്ചു.

ചോദ്യത്തിന് ഞങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും വ്യത്യസ്തമായ മറുപടി വേണം.

ആവാമല്ലോ.

അറിവാണോ സമ്പത്താണോ നല്ലത്? അവര്‍ ചോദിച്ചു.

അലി പത്തുപേരോടും വ്യത്യസ്ത വിശദീകരണങ്ങളോടെ മറുപടി നല്‍കി.

1. അറിവാണ് മികവ്. കാരണം, അത് പ്രവാചകന്മാരുടെ പാരമ്പര്യമാണ്. സമ്പത്ത് ഖാറൂന്റെയും.

2. അറിവിനാണ് മഹത്ത്വം. അതുള്ളവന് ധാരാളം സുഹൃത്തുക്കളുണ്ടാവും. സമ്പന്നന് ശത്രുക്കളാണുണ്ടാവുക.

3. അറിവാണ് ഉത്തമം. അത് അതിന്റെ ഉടമയെ സംരക്ഷിക്കും. എന്നാല്‍, സമ്പത്തിനെ അതിന്റെ ഉടമ തന്നെ സംരക്ഷിക്കണം.

4. അറിവാണ് പ്രധാനം. അത് കൊടുത്താല്‍ കുറയില്ല; കൂടും. സമ്പത്ത് കൊടുത്താല്‍ കുറയും.

5. അറിവാണ് നല്ലത്. അതിന്റെ ഉടമ ഉദാരനായിരിക്കും. സമ്പത്തിന്റെ ഉടമ പിശുക്കനും.

6. അറിവാണ് ശക്തി. ആര്‍ക്കും അതപഹരിക്കാനാവില്ല. എന്നാല്‍, കള്ളന്മാര്‍ സ്വത്ത് മോഷ്ടിക്കും.

7. അറിവിനാണ് അനശ്വരത. കാലം അതിന്റെ മൂല്യമൊട്ടും കുറക്കില്ല. എന്നാല്‍, സമ്പത്തിന്റെ മൂല്യം കാലപ്രവാഹത്തില്‍ കുറഞ്ഞുകൊണ്ടിരിക്കും.

8. അറിവ് അമൂല്യമാണ്. അതിന് പരിധിയില്ല; പരിമിതിയില്ല. അതളക്കാനോ തൂക്കാനോ ആവില്ല. എന്നാല്‍, സമ്പത്തിന് അതിരും പരിമിതിയുമുണ്ട്. അത് എണ്ണിയും അളന്നും തിട്ടപ്പെടുത്താം.

9. അറിവിനാണ് കഴിവ്. അത് ധൈര്യമേകുന്നു. സമ്പത്ത് ഭയമാണുണ്ടാക്കുക. ഒന്ന് വെളിച്ചമേകുന്നു. മറ്റേത് ഇരുളും.

10. അറിവിനാണ് ശ്രേഷ്ഠത. അത് അതിന്റെ ഉടമയെ വിനീതനാക്കുന്നു. സമ്പത്ത് അത് നേടുന്നവരെ അഹങ്കാരികളാക്കുന്നു. അറിവിന്റെ ഉടമകളായ പ്രവാചകന്മാര്‍ വളരെ വിനീതരായിരുന്നു. സമ്പന്നരായിരുന്ന നംറൂദും ഖാറൂനും ധിക്കാരികളും.

അലിയുടെ മറുപടി പത്തുപേരെയും സംതൃപ്തരാക്കി.