കള്ളപ്പണത്തിന്റെ ഭീകര ലോകം
Friday, April 23, 2010
വിദേശകാര്യ സഹമന്ത്രി ശശി തരൂരിന്റെ രാജിയും തുടര്‍ന്ന് ഐ.പി.എല്‍ ചെയര്‍മാനും കമീഷണറുമായ ലളിത് മോഡിയുടെ മേല്‍ മുറുകുന്ന രാജിസമ്മര്‍ദവും രാജ്യവ്യാപകമായി ഐ.പി.എല്‍ ടീം ഉടമകളുടെ ഓഫിസുകളിലും അനുബന്ധ സ്ഥാപനങ്ങളിലും തുടരുന്ന റെയ്ഡുമെല്ലാം ചേര്‍ന്ന് രാജ്യത്തിന്റെ മുന്നില്‍ അനാവരണം ചെയ്യുന്ന ചിത്രം ഞെട്ടിക്കുന്നതും ഉത്കണ്ഠാജനകവുമാണ്. ലോകത്തേറ്റവും പട്ടിണിക്കാരും ദരിദ്രരുമുള്ള ഇന്ത്യാ രാജ്യം അനേകലക്ഷം കോടികളുടെ അവിഹിത സമ്പാദ്യംകൊണ്ട് അമ്മാനമാടുന്ന ഒരുപിടി കരിമ്പണക്കാരുടെയും അവരുടെ തണലില്‍ കഴിയുന്ന സ്പോര്‍ട്സ്^സിനിമാ താരങ്ങളുടെയും രാഷ്ട്രീയക്കാരുടെയും നീരാളിപ്പിടിയില്‍ അമര്‍ന്നിരിക്കുന്നുവെന്ന്; ഇതൊക്കെ കാലാകാലങ്ങളില്‍ സൂക്ഷ്മമായി നിരീക്ഷിച്ചു സാമ്പത്തികക്കുറ്റവാളികളെയും നിയമലംഘകരെയും നീതിന്യായ പീഠങ്ങള്‍ക്ക് മുന്നില്‍ കൊണ്ടുവരാന്‍ കെല്‍പും ജാഗ്രതയുമുള്ള ഒരു ഭരണ സംവിധാനം രാജ്യത്ത് നിലവിലില്ലെന്ന്; വല്ലപ്പോഴും പുറത്തുവരുന്ന സംഭവങ്ങളെ രായ്ക്കുരാമാനം തേച്ചുമാച്ചുകളഞ്ഞു വീണ്ടും സമൂഹത്തിന്റെ മുന്നില്‍ നല്ലപിള്ള ചമയാനും യഥേഷ്ടം കളി തുടരാനും ജനങ്ങളെ വിഡ്ഢികളാക്കാനും കൊമ്പന്‍സ്രാവുകള്‍ക്ക് നിഷ്പ്രയാസം കഴിയുമെന്ന്.
ഐ.പി.എല്‍ അഴിമതിയെക്കുറിച്ച് പഴുതുകളടച്ച സമഗ്രമായ അന്വേഷണം നടക്കുമെന്ന് ഭരണാധികാരികള്‍ ഉറക്കെ പറയുമ്പോഴും അണിയറയില്‍ എല്ലാം പ്രഹസനമാക്കി മാറ്റാനുള്ള ഉപജാപങ്ങള്‍ തിരുതകൃതിയാണ്. ഒന്നും സംഭവിക്കാത്തപോലെ ക്രിക്കറ്റും രാഷ്ട്രീയവും രാജിയുമൊക്കെ ജനങ്ങള്‍ മറന്ന കഥയായി മാറാന്‍ ദിവസങ്ങളേ വേണ്ടി വരൂ. മൊറീഷ്യസ്, സ്വിറ്റ്സര്‍ലന്‍ഡ്, ബഹാമസ് തുടങ്ങി നികുതിയിളവുള്ള രാജ്യങ്ങള്‍ വഴി ഓഹരി വിപണി, റിയല്‍ എസ്റ്റേറ്റ്, ഐ.പി.എല്‍ ക്രിക്കറ്റ് എന്നിവയിലേക്ക് ഒഴുകിയെത്തുന്ന ശതകോടികളെപ്പറ്റി ആര്‍ക്കും ഒരു തിട്ടവും ഇല്ല. പണത്തിന്റെ ഉറവിടം കണ്ടെത്താന്‍ ആദായ നികുതി അധികൃതരും സാമ്പത്തിക കുറ്റാന്വേഷകരും നടത്തുന്ന അന്വേഷണം ലക്ഷ്യം കാണുമെന്നാശിക്കാനും ഇന്നത്തെ സാഹചര്യത്തില്‍ ഒരു നിര്‍വാഹവുമില്ല. 2007ല്‍ പുണെക്കാരനായ കുതിരക്കച്ചവടക്കാരന്‍ ഹസന്‍ അലിയുടെ സ്വിസ് ബാങ്ക് അക്കൌണ്ട് തേടിപ്പോയ ആദായനികുതി, എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ 15,000 ബില്യന്‍ ഡോളറിന്റെ നിക്ഷേപം കണ്ടു തലകറങ്ങിയത്രെ. അതാവട്ടെ, അയാളുടെ സമ്പാദ്യമായിരുന്നില്ല. ഇന്ത്യയിലെ രാഷ്ട്രീയ പ്രമുഖരും കോര്‍പറേറ്റ് ഭീമന്മാരും മറ്റുമടങ്ങുന്ന 22 പേരുടെ മൊത്തം നിക്ഷേപമായിരുന്നുവെന്നാണ് തെളിഞ്ഞത്. കോണ്‍ഗ്രസ് നേതാവ് അഹ്മദ് പട്ടേല്‍, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖ്, ആഭ്യന്തര മന്ത്രി ആര്‍.ആര്‍. പാട്ടീല്‍ തുടങ്ങിയവരുമായി ചേര്‍ന്ന് മുംബൈ, പുണെ എന്നീ നഗരങ്ങളിലെ പൊലീസ് കമീഷണര്‍മാരെ നിശ്ചയിച്ചിരുന്നതുപോലും ഹസന്‍ അലി ആയിരുന്നുവെന്നതാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. അതോടെ ഹസന്‍ അലിയുടെ പേരിലുള്ള കേസ് വെറും 37,000 കോടിയുടെ നികുതി വെട്ടിപ്പായി ഒതുങ്ങി എന്നതും സ്വാഭാവികം. സ്വിസ് ബാങ്കുകളുടെ ഒരിക്കലും കൃത്യമായി പുറത്തു വിടാത്ത നിക്ഷേപങ്ങളെപ്പറ്റി സമഗ്രവും സൂക്ഷ്മവുമായ അന്വേഷണം നടക്കണമെന്ന് ഈയിടെ ആവശ്യമുയര്‍ന്നുവെങ്കിലും സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഒരു പ്രതികരണംപോലും ഉണ്ടായില്ല. എങ്ങനെ ഉണ്ടാവാന്‍? കരിമ്പണത്തിന്റെയും ശതകോടീശ്വരന്മാരുടെയും പിന്‍ബലത്തില്‍ പാര്‍ലമെന്റില്‍ എത്തിയവരാണ് മന്ത്രിമാരടക്കമുള്ള എം.പിമാരില്‍ ഗണ്യമായ വിഭാഗം. അവര്‍ ആരുടെ താല്‍പര്യങ്ങളാണ് രക്ഷിക്കുകയെന്നത് പകല്‍ വെളിച്ചം പോലെ വ്യക്തമാണ്. മുഖ്യധാരാ മാധ്യമങ്ങളിലൂടെയും ഈ സാമ്പത്തിക കുറ്റവാളികളുടെ പിന്നാമ്പുറം കഥകള്‍ പുറത്ത് വരിക അപൂര്‍വ സാധ്യതയാണ്. കാരണം, പണം മേടിച്ചുള്ള വാര്‍ത്താസൃഷ്ടി രാജ്യത്ത് അപകടകരമായി വളര്‍ന്നുവെന്നാണ് പ്രസ് കൌണ്‍സില്‍ നിയോഗിച്ച അന്വേഷണ സംഘം കണ്ടെത്തിയത്. മാധ്യമ പ്രവര്‍ത്തനം സകല മൂല്യങ്ങളും കളഞ്ഞുകുളിച്ച വെറും വ്യവസായമായി മാറുന്നുവെന്നത് നേരത്തേ അറിയാവുന്ന സത്യമാണ്. പണത്തിനു വേണ്ടി ജോലിയുടെ സംശുദ്ധി കളഞ്ഞുകുളിച്ച പത്രപ്രവര്‍ത്തകര്‍ ഈ മേഖലയിലുണ്ടെന്നതും രഹസ്യമല്ല. എന്നാല്‍, പെയ്ഡ് ന്യൂസ് വ്യാപകവും വ്യവസ്ഥാപിതവും സുഘടിതവുമായ ഒരു പ്രക്രിയയായി മാറി ജനാധിപത്യത്തിനു തന്നെ ഭീഷണി ഉയര്‍ത്തുന്നുവെന്നാണ് പ്രസ് കൌണ്‍സിലിന്റെ നിരീക്ഷണം. ഇത്തരമൊരു സാഹചര്യത്തില്‍ ചാനലുകളെയും പത്രങ്ങളെയും ഉപയോഗിച്ചു അധോലോക, കള്ളപ്പണ ശക്തികള്‍ക്ക് വാര്‍ത്തകള്‍ തമസ്കരിക്കാനും വളച്ചൊടിക്കാനും വക്രീകരിക്കാനും കഴിയുന്നുവെന്നത് രാജ്യം നേരിടുന്ന ഏറ്റവും വലിയ ശാപമാണ്.
ഇന്ത്യയില്‍ അപകടകരമാംവിധം വര്‍ധിച്ചു വരുന്ന സാമ്പത്തിക ധ്രുവീകരണത്തിനും അഴിമതിക്കും വിലക്കയറ്റത്തിനും കാരണം നിശ്ചയമായും കരിമ്പണ സാമ്രാജ്യത്തിന്റെ അപ്രതിഹതമായ വളര്‍ച്ച തന്നെയാണ്. കണക്കില്‍ പെടാത്ത പണം വെളുപ്പിക്കാന്‍ വേണ്ടിയുള്ള നിരവധി കുറുക്കു വഴികളിലൊന്നാണ് ഐ.പി.എല്‍ ക്രിക്കറ്റ്. അതിന്റെ പിന്നാമ്പുറത്തേക്ക് സത്യസന്ധമായ അന്വേഷണത്തിന്റെ കണ്ണുകള്‍ പോയാല്‍ പല വിഗ്രഹങ്ങളും വീണുടയും. രാഷ്ട്രീയ നേതാക്കളും ഭരണാധികാരികളും മുഖം കുത്തി വീഴും. അതു കൊണ്ടുതന്നെ കുറ്റമറ്റതും സമഗ്രവുമായ അന്വേഷണം എപ്പോഴെങ്കിലും നടക്കുമെന്ന് പ്രതീക്ഷയുമില്ല. പക്ഷേ, രാജ്യത്ത് ജനാധിപത്യത്തിന് പകരം പണാധിപത്യം അപ്രതിരോധ്യമായി വളര്‍ന്നത് കൊണ്ടാണ് നക്സലിസവും മാവോയിസവുമൊക്കെ പീഡിത ജനലക്ഷങ്ങളുടെ പിന്തുണയാര്‍ജിച്ച് അനുദിനം ശക്തിപ്പെടുന്നതെന്ന തിക്തസത്യം കണ്ടില്ലെന്ന് നടിച്ചിട്ട് കാര്യമില്ല. കേവലം ക്രമസമാധാന പ്രശ്നമായതിനെക്കണ്ട് പട്ടാളത്തെ ഉപയോഗിച്ച് അടിച്ചൊതുക്കാന്‍ പോയാല്‍ രാജ്യം ചോരപ്പുഴയിലൊഴുകുകയല്ലാതെ പ്രതിസന്ധി തീരാന്‍ പോവുന്നില്ല. തോക്കെടുക്കരുത് എന്ന് അതെടുക്കുന്നവരോട് പറയണമെങ്കില്‍ തോക്കെടുക്കാതെ നീതിയും പ്രാഥമിക മനുഷ്യാവകാശങ്ങളും പുലരുന്ന സാഹചര്യമുണ്ടാവണം. കള്ളപ്പണക്കാര്‍ക്കും അവരുടെ കളിപ്പാവകള്‍ക്കും സാമൂഹിക നീതി സ്ഥാപിക്കാനാവില്ല.

