2010 ഏപ്രിൽ 25, ഞായറാഴ്‌ച

മനസ്സില്‍ ഒളികാമറ സൂക്ഷിക്കുന്നവര്‍ര്‍

മൂന്ന് സുഹൃത്തുക്കളിരുന്നു സംസാരിക്കുന്നു. ആകാശത്തിനു കീഴിലുള്ള സകല വിഷയത്തെപ്പറ്റിയും അവര്‍ സംസാരിക്കുന്നു. ഒരാവശ്യം വന്നതിനാല്‍ അതിലൊരാള്‍ സ്ഥലം വിടുന്നു. പെട്ടെന്ന് മറ്റു രണ്ട് സുഹൃത്തുക്കളുടെയും സംസാരം എഴുന്നേറ്റുപോയ മൂന്നാമനെക്കുറിച്ചാകുന്നു. അവന്റെ രഹസ്യങ്ങളൊക്കെ അവനുപോലും അറിയാത്തത് സുഹൃത്തുക്കള്‍ പങ്കുവെക്കുന്നു.

മറ്റുള്ളവന്റെ വ്യക്തിപരമായ രഹസ്യങ്ങളിലേക്ക് ഒളികണ്ണിട്ട് നോക്കുക എന്നത് മലയാളിയുടെ ശീലമാകുന്നു. അതുകൊണ്ടുതന്നെ വ്യക്തിയുടെ 'പ്രൈവസി' മലയാളി വകവെച്ചുകൊടുക്കാറില്ല. ഒരാളുടെ വ്യക്തിജീവിതത്തിലെ ഏതറ്റംവരെയും അപരന്‍ പ്രവേശിച്ചുകളയും.

വഴിക്കുവെച്ച് ഒരാളെ കണ്ടുമുട്ടിയാല്‍ എവിടെയാണ് പോകുന്നതെന്ന് സാമാന്യമര്യാദ വെച്ച് ആരും ചോദിക്കും. 'ഇതാ ഇവിടെവരെ' എന്ന് അവന്‍ അവ്യക്തമായി മറുപടി പറഞ്ഞെന്നിരിക്കട്ടെ. ആദ്യത്തെ ചോദ്യകര്‍ത്താവ് എവിടെയാണ് പോകുന്നത്, ആരെക്കാണാനാണ്, എന്തിനാണ് തുടങ്ങി വിത്തുംവേരും അന്വേഷിച്ചേ അടങ്ങൂ.

'കൈയും തലയും പുറത്തേക്കിടരുത്' എന്ന് ബസില്‍ എഴുതിവെച്ചത് നമുക്ക് കാണാം. പക്ഷേ, അപരന്റെ ജീവിതത്തിലേക്ക് കൈയും തലയും കടത്തുന്നവരാണധികവും. വീട്ടിലെ അടുക്കളവരെ ഒരനുവാദവും ഇല്ലാതെ പ്രവേശിച്ചുകളയുക എന്നത് നമ്മുടെ ശീലമാകുന്നു.

സായിപ്പിന്റെ വേണ്ടാത്ത കാര്യങ്ങളൊക്കെ നമ്മള്‍ അനുകരിക്കുന്നു. വിയര്‍ത്തൊഴുകുന്ന കാലാവസ്ഥയിലും അവന്റെ ടൈയും കോട്ടും അനുകരിക്കുന്ന മലയാളി സായിപ്പിന്റെ നല്ല കാര്യങ്ങളൊന്നും കാണാറില്ല. മലയാളിയെപ്പോലെ അപരന്റെ ജീവിതത്തിലേക്ക് അവര്‍ മൂക്കുവിടര്‍ത്തി മണംപിടിക്കാറില്ല.

ഹോട്ടല്‍ ബാത്റൂമിലെ ഒളികാമറ ഏറെ ഒച്ചപ്പാടുണ്ടാക്കി ഈയിടെ.

മറ്റുള്ളവന്റെ ജീവിതത്തിലേക്ക് മനസ്സില്‍ ഒളികാമറവെച്ച് നോക്കുന്നവരല്ലേ മലയാളികളില്‍ ഏറെയും.

ഓരോരുത്തരും അവരുടെ മനസ്സുകളിലേക്ക് നോക്കട്ടെ. ഒളിച്ചുനോട്ടം ഒരു രോഗമാണെങ്കില്‍ മലയാളികളില്‍ ഒരു വലിയ വിഭാഗത്തെയും ചികില്‍സിക്കേണ്ടിയിരിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: